ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, മോഹന്‍കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ എന്നീ സിനിമകള്‍ക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ബിജു മേനോന്‍ – ആസിഫ് അലി ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ്, ലണ്ടന്‍ സ്റ്റുഡിയോസ് എന്നീ പ്രൊഡക്ഷന്‍ കമ്പനികള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇന്ന് തലശ്ശേരി ശ്രീ ആണ്ടല്ലൂര്‍ കാവ് ക്ഷേത്രത്തില്‍ വെച്ച് നിര്‍വ്വഹിക്കപ്പെട്ടു.
അനുരാഗ കരിക്കിന്‍ വെള്ളം, വെള്ളി മൂങ്ങ എന്നീ ഹിറ്റ് സിനിമകളിലെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും ഒരു ഇടവേളക്കുശേഷം വീണ്ടും ഒരുമിക്കുന്നുവെന്നതാണ് സിനിമയുടെ പ്രത്യേകത. ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ജിസ് ജോയിയുടെ മുന്‍ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ഇതെന്നാണ് സൂചന. വിശാലമായ ക്യാന്‍വാസ്സില്‍ മുപ്പതോളം മികച്ച അഭിനേതാക്കളെ അണിനിരത്തി വലിയ മുതല്‍ മുടക്കിലാണ് ഈ ചിത്രം ജിസ് ജോയ് ഒരുക്കുന്നത്. ദിലീഷ് പോത്തന്‍, ശങ്കര്‍ രാമകൃഷ്ണന്‍, അനുശ്രീ, റീനു മാത്യൂസ്, കോട്ടയം നസീര്‍, ദിനേശ് (നായാട്ട് ഫെയിം) അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവര്‍ക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും നാടകങ്ങളിലും മറ്റു കലാരംഗങ്ങളിലും പ്രവര്‍ത്തിച്ചു പോന്നിരുന്ന ഏതാനും പുതുമുഖങ്ങളും ചിത്രത്തിന്റെ താരനിരയിലുണ്ട്.
കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. നവാഗതരായ ആനന്ദ്, ശരത്ത് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍, എഡിറ്റിംഗ്: സൂരജ് ഇ.എസ്, കലാസംവിധാനം: അജയന്‍ മങ്ങാട്, കോസ്റ്റ്യൂം ഡിസൈന്‍: നിഷാദ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, മാര്‍ക്കറ്റിങ്: സ്‌നേക്ക്പ്ലാന്റ്.