ഹൈദരാബാദ്: പൊലീസുകാരെ മര്‍ദിച്ചെന്ന് ആരോപിച്ച് വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നേതാവ് വൈ.എസ്.ശര്‍മിളയെ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയാണു ശര്‍മിള. തെലങ്കാന പിഎസ്‌സിയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) ഓഫിസില്‍ പോയി കാണുന്നതിന് വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ പൊലീസ് തടഞ്ഞതോടെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
എസ്‌ഐടി ഓഫിസിലേക്കുള്ള യാത്ര വനിതാ പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞതു ശര്‍മിളയ്ക്ക് ഇഷ്ടപ്പെട്ടില്ല. കാറിനു മുന്നില്‍ പൊലീസുകാര്‍ നിരന്നുനിന്നാണ് തടഞ്ഞത്. കുറച്ചുദൂരം പൊലീസുകാരെ തള്ളിമാറ്റി പതിയെ ഓടിച്ചു പോയെങ്കിലും മുന്നോട്ടെടുക്കാന്‍ സാധിക്കാതിരുന്നതോടെ കാര്‍ നിര്‍ത്തി ശര്‍മിള പുറത്തിറങ്ങി. കാറില്‍ കയറുന്നതു തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ശര്‍മിള അടിക്കുകയും തള്ളിമാറ്റുകയും ചെയ്തു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന്റെ വിഡിയോ വാര്‍ത്താഏജന്‍സി എഎന്‍ഐ പുറത്തുവിട്ടു.
ആരെയും കൂസാതെ മുന്നോട്ടു നടക്കുമ്പോള്‍ തന്റെ കൈ പിടിച്ചു തടയാന്‍ ശ്രമിച്ച വനിതാ പൊലീസിനെ ഇവര്‍ അടിക്കുന്ന വിഡിയോയും പുറത്തുവന്നു. സംഘര്‍ഷാവസ്ഥ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ പൊലീസ് എത്തിയതോടെ ശര്‍മിള റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് ശര്‍മിളയെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കൊണ്ടുപോയി. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ തെലങ്കാനയില്‍ വ്യാപക പ്രതിഷേധമാണു നടക്കുന്നത്. സംഭവത്തില്‍ 11 പേരെ അറസ്റ്റ് ചെയ്തു. തെലങ്കാനയില്‍ രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്താനുള്ള ലക്ഷ്യത്തില്‍ കെ.ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരെ നിരന്തര സമരത്തിലാണു ശര്‍മിള.