കോട്ടയം: കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം അവസാനിച്ചതോടെ പുതുപ്പള്ളി മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം. അവസാന വോട്ടും ഉറപ്പിക്കാനാകും ഇന്നും സ്ഥാനാര്‍ത്ഥികള്‍ ശ്രമിക്കുക. നാളെയാണ് വോട്ടെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ എന്നിവരടക്കം ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് സാമഗ്രികള്‍ ഇന്ന് രാവിലെ വിതരണം ചെയ്യും. കോട്ടയം ബസേലിയോസ് കോളേജില്‍ നിന്നാണ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. ബസേലിയോസ് കോളേജിന് ഇന്ന് മുതല്‍ വോട്ടെണ്ണല്‍ നടക്കുന്ന എട്ടാം തീയതി വരെ അവധിയായിരിക്കും. പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി നല്‍കിയിട്ടുണ്ട്.
182 ബൂത്തുകളാണ് പുതുപ്പള്ളിയിലുള്ളത്. മുഴുവന്‍ ബൂത്തുകളിലും വിവി പാറ്റുകളും വെബ്കാസ്റ്റിങും സജ്ജമാക്കിയിട്ടുണ്ട്. മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരുണ്ട്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.
പുതുപ്പള്ളി മണ്ഡലത്തില്‍ 48 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പരസ്യപ്രചാരണം അവസാനിച്ച ഞായറാഴ്ച വൈകിട്ട് ആറ് മുതല്‍ സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ. ആളുകള്‍ ഒത്തുകൂടുന്നതും റാലികളും പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നതിനും വിലക്കുണ്ട്.
വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ ഞായറാഴ്ച വൈകിട്ട് ആറിന് ശേഷം പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയില്‍ നിന്ന് വിട്ടുപോകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചിരുന്നു. ഇതുറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിനും ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കി. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന്, നാല്, അഞ്ച്, എട്ട് തീയതികളില്‍ പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയില്‍ മദ്യനിരോധനം(ഡ്രൈ ഡേ) ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ആറ് മുതല്‍ ചൊവ്വാഴ്ച വൈകിട്ട് ആറ് വരെയും വോട്ടെണ്ണല്‍ ദിനമായ എട്ടാം തീയതി പുലര്‍ച്ചെ 12 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുള്ളത്.