ചെന്നൈ: ഇന്ത്യയില്‍ മഹേന്ദ്ര സിങ് ധോണിയെക്കാളും വലിയ ക്രിക്കറ്റ് താരം ഇല്ലെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. എം.എസ്. ധോണി മാത്രമാണ് അങ്ങനെയുള്ള ഒരേയൊരാളെന്ന് ഹര്‍ഭജന്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു. ”ചിലര്‍ക്കൊക്കെ ധോണിയേക്കാള്‍ റണ്‍സും വിക്കറ്റുകളും ഉണ്ടായിരിക്കാം, എന്നാല്‍ ധോണിയേക്കാള്‍ ആരാധക പിന്തുണയുള്ള മറ്റൊരു താരം ഇവിടെയുണ്ടാകില്ല. ധോണി ഹൃദയം കൊണ്ടാണ് ആരാധകരെ സ്വീകരിക്കുന്നത്.”- ഹര്‍ഭജന്‍ സിങ് പറഞ്ഞു.
ഐപിഎല്ലില്‍ 200 മത്സരങ്ങളില്‍ ടീമിനെ നയിക്കുന്ന താരമെന്ന റെക്കോര്‍ഡ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ ധോണി അടുത്തിടെ സ്വന്തമാക്കിയിരുന്നു. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാനൊരുങ്ങുകയാണു ധോണിയിപ്പോള്‍. ചെപ്പോക്കില്‍ മൂന്നു വട്ടം ഏറ്റുമുട്ടിയപ്പോഴും സണ്‍റൈസേഴ്‌സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍പിച്ചിരുന്നു.
ധോണിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാലുവട്ടം ഐപിഎല്‍ കിരീട ജേതാക്കളായിട്ടുണ്ട്. അഞ്ചു തവണ രണ്ടാം സ്ഥാനത്തെത്തി. ചെന്നൈ ഓള്‍ റൗണ്ടര്‍ ശിവം ദുബെയെയും ഹര്‍ഭജന്‍ സിങ് പുകഴ്ത്തി. ”അവസരം കിട്ടുമ്പോഴെല്ലാം വമ്പനടികള്‍ക്കു മുതിരുന്ന ശിവം ദുബെയ്ക്ക് ബാറ്റിങ്ങില്‍ കൂടുതല്‍ അവസരം നല്‍കണം. ഇത്തരം മികവുകളുള്ള കൂടുതല്‍ താരങ്ങള്‍ ചെന്നൈ നിരയിലുണ്ട്.”- ഹര്‍ഭജന്‍ വ്യക്തമാക്കി.