ഇസ്ലാമാബാദ്: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ചില വ്യവസായങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ പാക്കിസ്ഥാനിലെ കറാച്ചി പൊലീസിന്റെ നിര്‍ദേശം. ചൈനീസ് പൗരന്മാരുടേതോ അവരുമായി ബന്ധമുള്ളതോ ആയ വ്യവസായങ്ങള്‍ പൂട്ടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ നീക്കം ചൈനയുമായുള്ള ബന്ധത്തെ ബാധിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
പാക്കിസ്ഥാനിലെ മോശം സുരക്ഷാ സാഹചര്യത്തില്‍ ഇസ്ലാമാബാദിലെ എംബസ്സിയുടെ കോണ്‍സുലര്‍ വിഭാഗം ചൈന താല്‍ക്കാലികമായി അടച്ചിരുന്നു. മാത്രമല്ല, പൗരന്മാരോടു കരുതലോടെ ഇരിക്കാനുള്ള നിര്‍ദേശവും നല്‍കിയിരുന്നു. പലയാവര്‍ത്തി ആവശ്യപ്പെട്ടിട്ടും ചൈനീസ് പൗരന്മാര്‍ക്കെതിരെ ഉയര്‍ന്ന ഭീഷണികളെക്കുറിച്ച് അന്വേഷിക്കാന്‍ പാക്ക് പൊലീസ് താല്‍പര്യം കാട്ടുന്നില്ലെന്ന പരാതി ചൈനയ്ക്കുണ്ട്. സുരക്ഷാകാര്യത്തിലെ ആശങ്ക പലവട്ടം ചൈന ഉയര്‍ത്തിയിട്ടുമുണ്ട്.
ചൈനീസ് ലോണ്‍ ഭീഷണി തലയ്ക്കു മുകളില്‍ ഉള്ളതിനാല്‍ അവ ഒഴിവാക്കാനോ ലോണ്‍ തിരിച്ചടവ് കുറയ്ക്കാനോ ഉള്ള സമ്മര്‍ദ്ദതന്ത്രമാണ് പാക്കിസ്ഥാന്‍ നടത്തുന്നതെന്ന വിശകലനവും ഉയരുന്നു. പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന പല ഭീകരസംഘടനകളും ചൈനീസ് പൗരന്മാരെയും പദ്ധതികളെയുമാണ് ലക്ഷ്യമിടുന്നത്. ചൈന – പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) എന്ന പേരിലും മറ്റു ചെറുകിട, വന്‍കിട പദ്ധതികളുടെ പേരിലും ചൈന തങ്ങളുടെ നാട് പിടിച്ചെടുക്കുകയാണെന്ന വിശ്വാസം പാക്ക് ജനതയ്ക്കിടയില്‍ ഉയര്‍ന്നുവരുന്നുണ്ട്.
പാക്ക് ജനതയ്ക്കിടയില്‍ ശക്തമായ ചൈനാവിരുദ്ധ വികാരം ഉയര്‍ന്നുവരുന്നത് പലപ്പോഴും പ്രാദേശിക സര്‍ക്കാരുകള്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും തലവേദനയുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ചൈനീസ് പൗരന്മാരുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ അധികൃതര്‍ എടുക്കുന്നില്ല. ചൈനീസ് താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിന് ഒരു സായുധ സംഘത്തെ നിയോഗിക്കാനുള്ള സാമ്പത്തിക ശേഷി പാക്കിസ്ഥാന് ഇന്നില്ലെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.