ഗുവാഹത്തി: നാഗാലാന്‍ഡിലെ മൊണ്‍ ജില്ലയില്‍ തീവ്രവാദികളെന്നാരോപിച്ച് ഗ്രാമീണരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഉത്തരവാദികളായ 30 സൈനികര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം. നാഗാലാന്‍ഡ് പ്രത്യേകാന്വേഷണ സംഘമാണ് (എസ്.ഐ.ടി.) വെടിവെപ്പ് കേസ് അന്വേഷിച്ചത്. സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, സംഭവത്തില്‍ 14-ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട 30 സൈനിര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം കേന്ദ്ര പ്രതിരോധമന്ത്രാലയം നിഷേധിച്ചതായി നാഗാലാന്‍ഡ് പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
കൊല്ലുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സൈന്യം ഖനിത്തൊഴിലാളികള്‍ക്കുനേരെ വെടിവെച്ചതെന്നാണ് എസ്.ഐ.ടി. കുറ്റപത്രത്തില്‍ പറയുന്നത്. 30 പേര്‍ക്കെതിരെയാണ് കൊലപാതകം, കൊലപാതക ശ്രമം, തെളിവുനശിപ്പിക്കില്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
2021 ഡിസംബര്‍ 4-നായിരുന്നു സംഭവം. മ്യാന്‍മറുമായി അതിര്‍ത്തിപങ്കിടുന്ന ഒട്ടിങ് ഗ്രാമത്തില്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിലാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. ഖനിത്തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കിന് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ ജനക്കൂട്ടം അക്രമാസക്തരായി. തുടര്‍ന്ന് സൈനികരുടെ വാഹനങ്ങള്‍ കത്തിക്കുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു.