തിരുവനന്തപുരം: രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസ് ആയ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും. കൊച്ചിയുടെയും പത്ത് ദ്വീപുകളുടെയും ജലഗതാഗതം പുതിയ കാലത്തിന് ചേര്‍ന്ന വിധം നവീകരിക്കുകയാണ് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതോടെ പൊതുഗതാഗതരംഗത്ത് കൊച്ചിയില്‍ പുതിയൊരു രംഗത്തേക്ക് കൂടിയാണ് വാട്ടര്‍ മെട്രോയിലൂടെ കാലെടുത്ത് വയ്ക്കുന്നത്.
വാട്ടര്‍ മെട്രോ പദ്ധതി മൂന്ന് വര്‍ഷം കൊണ്ട് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. 2016ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതിയാണിത്. പ്രാരംഭ ഘട്ടത്തില്‍ എട്ട് ബോട്ടുകളാണ് സര്‍വീസ് നടത്തുക. ഹൈക്കോടതി ടെര്‍മിനല്‍ മുതല്‍ വൈപ്പിന്‍ വരെയാണ് ആദ്യ സര്‍വീസ്. 20 രൂപയാണ് കുറഞ്ഞ നിരക്ക്. ഉയര്‍ന്ന നിരക്ക് 40 രൂപയാണ്. മെട്രോ സ്റ്റേഷനുകള്‍ക്ക് സമാനമായാണ് ബോട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എഎഫ്സി ഗേറ്റുകള്‍, വേലിയേറ്റ വേലിയിറക്ക സമയങ്ങളില്‍ ബോട്ടുമായി ഒരേ ലെവല്‍ നിലനിര്‍ത്താനാകുന്ന ഫ്ലോട്ടിംഗ് പോണ്ടൂണുകളും വാട്ടര്‍ മെട്രോയുടെ പ്രത്യേകതകളാണ്.
കൊച്ചിന് ഷിപ്യാര്ഡില് നിര്‍മ്മിച്ച ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഒരു ബോട്ടിന് 7.5 കോടിയാണ് നിര്‍മാണ ചെലവ്. വൈദ്യുതി ബാറ്ററിയിലും ഡീസല്‍ ജനറേറ്ററിലും ബോട്ട് പ്രവര്‍ത്തിപ്പിക്കാനാകും. ബാറ്ററി നൂറ് ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനുട്ട് സമയം മാത്രം മതിയാകും. ഇതിലൂടെ ഒരു മണിക്കൂര്‍ ബോട്ട് ഓടിക്കാനാകും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് പ്രധാനമന്ത്രി വാട്ടര്‍മെട്രോ ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ അതേസമയം തന്നെ ഉദ്ഘാടന സര്‍വീസ് നടക്കും. ബുധനാഴ്ച മുതലാണ് റെഗുലര്‍ സര്‍വീസ് തുടങ്ങുക.