മഞ്ചേരി: അരീക്കോട് കീഴുപറമ്പ് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പന്ത്രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഒന്നുമുതല്‍ പതിനൊന്നുവരെയുള്ള പ്രതികളെയും പതിനെട്ടാം പ്രതിയെയുമാണ് മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.എച്ച്. രജിത ശിക്ഷിച്ചത്. 2012 ജൂണ്‍ പത്തിന് കുനിയില്‍ കൊളക്കാടന്‍ അബ്ദുല്‍കലാം (37), സഹോദരന്‍ അബൂബക്കര്‍ (48) എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം കുനിയില്‍ അങ്ങാടിയില്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
ഒന്നുമുതല്‍ പതിനൊന്നുവരെയുള്ള പ്രതികളായ കുനിയില്‍ കുറുവങ്ങാടന്‍ മുഖ്താര്‍ (40), കോഴിശ്ശേരിക്കുന്നത്ത് റാഷിദ് (34), മുണ്ടശ്ശേരിവീട്ടില്‍ റഷീദ് (33), താഴത്തേയില്‍ കുന്നത്തുചോലയില്‍ ഉമ്മര്‍ (45), വളഞ്ഞോത്ത് ഇടക്കണ്ടി മുഹമ്മദ്ഷരീഫ് (43), കുറുമാടന്‍ അബ്ദുല്‍ അലി (31), ഇരുമാംകുന്നത്ത് ഫസലുറഹ്‌മാന്‍ (31), കിഴക്കേത്തൊടി മുഹമ്മദ് ഫത്തീന്‍ (30), വടക്കേച്ചാലി മധുരക്കുഴിയന്‍ മഹ്‌സൂം (38), വളഞ്ഞോളത്ത് എടക്കണ്ടി സാനിഷ് (39), പിലാക്കല്‍ക്കണ്ടി ഷബീര്‍ (31) എന്നിവര്‍ക്ക് കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും. പതിനെട്ടാംപ്രതി ഇരുമാംകടവത്ത് സഫറുള്ള(42)യ്ക്ക് ഗൂഢാലോചനാകുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ.