ജക്കാര്‍ത്ത: ആഭ്യന്തര പോരാട്ടം ശക്തമായി കൊണ്ടിരിക്കുന്ന ഇന്തോനേഷ്യയിലെ പപ്പുവയില്‍ ഒമ്പത് സൈനികരെ വെടിവെച്ച് കൊലപ്പെടുത്തി തീവ്രവാദികള്‍. പപ്പുവയിലെ സൈനിക വക്താവ് ഹെര്‍മന്‍ തര്യമാന്‍ ശനിയാഴ്ച ആക്രമണ വിവരം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതിനാല്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഇന്നാണ് അറിയിച്ചത്.
ഫെബ്രുവരിയില്‍ ഇന്തോനേഷ്യന്‍ ഏവിയേഷന്‍ കമ്പനിയായ സൂസി എയറിന്റെ പൈലറ്റായ ക്രൈസ്റ്റ് ചര്‍ച്ചിലെ ഫിലിപ്പ് മാര്‍ക്ക് മെഹര്‍ട്ടെന്‍സിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ജക്കാര്‍ത്ത പ്രദേശത്തിന്റെ സ്വാതന്ത്ര്യം അംഗീകരിക്കണമെന്ന ആവശ്യത്തിന് വേണ്ടിയായിരുന്നു തട്ടി കൊണ്ട് പോയത്. എന്നാല്‍, പൈലറ്റിനെ വിട്ടയച്ചുവെന്നാണ് തീവ്രവാദ നേതാവ് സെബി സാംബോമിന്റെ അവകാശവാദം.
പൈലറ്റ് ഫിലിപ്പ് മാര്‍ക്ക് മെഹര്‍ട്ടെന്‍സിനെ വിട്ടയക്കണമെങ്കില്‍ ഇന്തോനേഷ്യന്‍ സൈന്യം പപ്പുവയില്‍ നിന്ന് പുറത്ത് പോകണമെന്നും അല്ലാത്തപക്ഷം ഇദ്ദേഹത്തെ ജീവപര്യന്തം തടവിലാക്കുമെന്നുമാണ് തീവ്രവാദികള്‍ പറഞ്ഞത്. മാര്‍ച്ച് 23-ന് വീണ്ടും സര്‍ക്കാരും വിഘടനവാദികളും തമ്മില്‍ ആക്രമണം നടന്നു. ഇതിനിടയിലാണ് ഒമ്പത് സൈനികരെ വധിച്ചതായി വിഘടനവാദി സംഘടനയുടെ നേതാവ് അറിയിച്ചത്. ഇതോടെ രാജ്യത്തെ ആഭ്യന്തരപോരാട്ടം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.