തിരുവനന്തപുരം: കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ക്ക് നിയമപ്രകാരം അനുമതിയില്ലെങ്കിലും തത്കാലത്തേക്ക് പിഴയില്‍ ഒഴിവാക്കുന്നത് പരിഗണനയില്‍. നാലു വയസ്സിന് മുകളിലുള്ള കൂട്ടികളെ പൂര്‍ണ്ണ യാത്രികരായി പരിഗണിക്കുന്ന കേന്ദ്ര ഗതാഗത നിയമത്തില്‍ ഭേദഗതിയോ ഇളവോ വേണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടേക്കും.
നിലവിലെ കേന്ദ്രനിയമപ്രകാരം ഇരുചക്രവാഹനത്തില്‍ രക്ഷിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിയെ മൂന്നാമത്തെ യാത്രക്കാരനായി പരിഗണിച്ച് പിഴ ഈടാക്കന്‍ കഴിയുന്നതാണ്. സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍ വ്യവസ്ഥ കര്‍ശനമാവുകയും ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രത്തോട് ഇളവ് തേടാന്‍ സംസ്ഥാനത്തിന്റെ നീക്കം.
അച്ഛനും അമ്മയ്ക്കുമൊപ്പം കുട്ടികളെയും ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകാന്‍ കഴിയാത്തവിധത്തില്‍ നിയമം പരിഷ്‌കരിച്ചത് കേന്ദ്രസര്‍ക്കാരാണെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നത്. സംസ്ഥാനസര്‍ക്കാരിന് ഇതില്‍ ഭേദഗതിയോ, ഇളവോ നല്‍കാന്‍ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ തത്കാലത്തേക്ക് ഈ നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ണടച്ചേക്കും. മോട്ടോര്‍ വാഹനവകുപ്പിന്റെ നേരിട്ടുള്ള പരിശോധനകളില്‍ കുട്ടികളെ കൊണ്ടുപോകുമ്പോള്‍ പിഴ ഈടാക്കിയിരുന്നില്ല.
നിര്‍മിതബുദ്ധി ക്യാമറകള്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാലും പിഴചുമത്തുന്നത് ഉദ്യോഗസ്ഥരാണ്. സര്‍ക്കാര്‍ വിചാരിച്ചാല്‍ നിലവിലെ ഇളവ് തുടരാനാകും. അതേ സമയം കേന്ദ്ര നിയമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതൊരു ഉത്തരവായി ഇറക്കാന്‍ കഴിയില്ല.
ഒമ്പതുമാസത്തിനും നാലുവയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി 30 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയുന്ന സേഫ്റ്റി ഹാര്‍നസ്സ് (ബെല്‍റ്റ്) കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. കുട്ടികള്‍ ക്രാഷ് ഹെല്‍മെറ്റ് (ബൈസിക്കിള്‍ ഹെല്‍മെറ്റ്) ഉപയോഗിക്കണം. നാലു വയസ്സുവരെ പ്രായമായ കുട്ടികളുമായി പോകുമ്പോള്‍ വേഗം മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടാന്‍ പാടില്ല. തുടങ്ങിയ നിയന്ത്രണങ്ങള്‍ ഉള്ള കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 138(7)ലെ ഭേദഗതി ഫെബ്രുവരിമുതലാണ് നടപ്പിലായത്.