കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ട് നടത്തിപ്പ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്. രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ജൂപ്പിറ്റര്‍ ക്യാപ്പിറ്റലിനു കീഴിലെ ‘നിരാമയ റിട്രീറ്റ്‌സ്’ എന്ന സ്ഥാപനമാണ് റിസോര്‍ട്ടിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. ശനിയാഴ്ചയാണ് ഇരു കമ്പനികളും കരാറില്‍ ഒപ്പുവച്ചത്. ഇന്നലെ മുതല്‍ സ്ഥാപനത്തിന്റെ പൂര്‍ണ നടത്തിപ്പ് ‘നിരാമയ റിട്രീറ്റ്‌സ്’ ഏറ്റെടുത്തു.
എല്‍ഡിഎഫ് നേതാവിന്റെ റിസോര്‍ട്ട് ബിജെപി നേതാവിന് നല്‍കുന്നത് ഒരു കൊടുക്കല്‍വാങ്ങലാണെന്ന്, കരാര്‍ സംബന്ധിച്ച വാര്‍ത്ത പുറത്തുവന്ന സമയത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പരിഹസിച്ചിരുന്നു. ഇ.പി.ജയരാജന്‍ ബുദ്ധിമുട്ടില്‍ ആയപ്പോള്‍ രക്ഷിക്കാന്‍ ബിജെപി നേതാവ് വന്നെന്നും അവര്‍ തമ്മില്‍ സ്നേഹമുണ്ടെന്നും സതീശന്‍ വ്യക്തമാക്കുകയും ചെയ്തു.
നേരത്തെ, ആയുര്‍വേദ ചികിത്സാ രംഗത്തുള്ള പ്രമുഖ സ്ഥാപനത്തെയായിരുന്നു വൈദേകത്തിലെ ചികിത്സാ നടത്തിപ്പ് ഏല്‍പിച്ചിരുന്നത്. ഈ സ്ഥാപനത്തെ പങ്കാളിയാക്കിയതിനു പിന്നില്‍ വൈദേകത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ കള്ളക്കളി നടത്തിയെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇവരുമായുള്ള കരാര്‍ റദ്ദാക്കി. തുടര്‍ന്നാണ് പുതിയ പങ്കാളിയെ കണ്ടെത്താന്‍ വൈദേകം ശ്രമം തുടങ്ങിയത്.
പല സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള നിരാമയയുമായി ചേര്‍ന്നു പോകാന്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. അതിനിടെ, റിസോര്‍ട്ട് വില്‍പനയുമായി ബന്ധപ്പെടുത്തി വരുന്ന വിവരങ്ങള്‍ തെറ്റാണെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു.
റിസോര്‍ട്ട് വിഷയം പാര്‍ട്ടിക്കകത്ത് വിവാദമായ സാഹചര്യത്തില്‍ ഇ.പിയുടെ കുടുംബം വൈദേകത്തിന്റെ ഓഹരി വിറ്റൊഴിയുകയാണെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകന്‍ ജയ്‌സണും ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആന്തൂര്‍ നഗരസഭയിലെ മൊറാഴയില്‍ 11 ഏക്കറില്‍ റിസോര്‍ട്ട് പണിതത്. ഇന്ദിരയ്ക്കും മകന്‍ ജയ്‌സണുമായി 91.99 ലക്ഷം രൂപയുടെ ഓഹരികളാണുള്ളത്. റിസോര്‍ട്ടിലെ നിക്ഷേപം സംബന്ധിച്ചു സിപിഎമ്മില്‍ പരാതി ഉയര്‍ന്നിരുന്നു.