തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയോ ആരോഗ്യ സ്ഥാപനങ്ങള്‍ക്കു നാശം വരുത്തുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തിനു മുകളില്‍ ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നു നിര്‍ദേശം. 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ആക്ടില്‍ നിയമവകുപ്പും ആഭ്യന്തരവകുപ്പും നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കരട് ബില്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ അഭിപ്രായത്തിനായി സമര്‍പ്പിച്ചു. നിയമ, ആഭ്യന്തര, ആരോഗ്യ സെക്രട്ടറിമാര്‍ കൂടിക്കാഴ്ച നടത്തിയശേഷമാണു കരട് ബില്‍ തയാറാക്കിയത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം കരട് ബില്‍ പരിഗണിച്ചേക്കും.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദനാ ദാസിനെ അക്രമി കുത്തികൊലപ്പെടുത്തിയ സാഹചര്യത്തിലാണു നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ശിക്ഷാ കാലാവധി കൂട്ടാനും വിചാരണ വേഗത്തിലാക്കാനും തീരുമാനിച്ചതായി നിയമവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു. നിലവിലെ നിയമത്തിലെ സെക്ഷന്‍ 4 അനുസരിച്ച് ആരോഗ്യസ്ഥാപനങ്ങളിലോ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയോ ആക്രമണം നടത്തിയാല്‍ മൂന്നു വര്‍ഷംവരെ തടവും 50,000 രൂപവരെ പിഴയുമാണ് പരമാവധി ശിക്ഷ. ഏഴു വര്‍ഷംവരെ തടവും ഒരു ലക്ഷംരൂപയില്‍ കുറയാത്ത പിഴയും ഈടാക്കാനാണു നീക്കം. ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ പത്തുവര്‍ഷം വരെ ശിക്ഷയും ഒരു ലക്ഷംരൂപയില്‍ കുറയാത്ത പിഴയും വേണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആവശ്യം.
പരാതികള്‍ ലഭിച്ചാല്‍ ഒരു മണിക്കൂറിനകം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം. ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ചാല്‍ വിലയുടെ രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഇത് വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപം, സൈബര്‍ അധിക്ഷേപം തുടങ്ങിയവയും നിയമപരിധിയില്‍ കൊണ്ടുവരും.
മൂന്നുവര്‍ഷംവരെ ശിക്ഷ നല്‍കാന്‍ കഴിയുന്നത് മജിസ്‌ട്രേറ്റ് കോടതികള്‍ക്കാണ്. ശിക്ഷാ കാലാവധി കൂട്ടിയാല്‍ കേസുകള്‍ സബ് കോടതിക്കോ സിജെഎം കോടതിക്കോ കൈമാറേണ്ടിവരും. സബ് കോടതികള്‍ക്ക് 10 വര്‍ഷംവരെ ശിക്ഷയും ഉചിതമായ പിഴയും നല്‍കാന്‍ കഴിയും. സിജെഎം കോടതികള്‍ക്ക് 7 വര്‍ഷം വരെ ശിക്ഷയും ഉചിതമായ പിഴയും നല്‍കാന്‍ കഴിയും. കേസുകള്‍ വേഗത്തില്‍ തീര്‍ക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്.