കര്‍ണാല്‍: ഹരിയാനയിലെ കര്‍ണാലില്‍ അരി മില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് നാല് തൊഴിലാളികള്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. കെട്ടിടം തകര്‍ന്ന് വീഴുമ്പോള്‍ ഉള്ളില്‍ 150 തൊഴിലാളികളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് പൊലീസും അഗ്‌നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തരൗറി പട്ടണത്തിലെ ശിവ് ശക്തി മില്‍ കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ മുകള്‍ നിലയിലെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു. കെട്ടിടത്തിനുള്ളില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടായിരുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.